Dear Mother, Father, Relatives (in Malayalam)

person-in-gray-long-sleeve-shirt-holding-silve.jpg

പ്രിയപ്പെട്ട അമ്മയ്ക്കും, അച്ഛനും, 

ബന്ധുക്കൾക്കും: കറുത്ത വർഗ്ഗക്കാരുടെ 

ജീവനും നമുക്ക് വിലപ്പെട്ടതാണ്


ഈ  കത്ത് ലെറ്റേഴ്സ് ഫോർ ബ്ലാക്ക് ലൈവ്സ് എന്ന സംഘടന തയ്യാറാക്കിയ  പരസ്യകത്തിന്റെ മലയാളപ്പതിപ്പാണ്. കറുത്ത വർഗ്ഗക്കാർക്ക് എതിരെയുള്ള  വിവേചനത്തെ കുറിച്ച് അറിയാനുള്ള വിജ്ഞാനസ്രോതസ്സുകൾ നിർമ്മിക്കാനും തർജ്ജമ  ചെയ്യാനും, #BlackLivesMatter എന്ന പ്രസ്ഥാനത്തോട് ഐക്യം പ്രകടിപ്പിച്ചുള്ള  ഒരു തുടർപദ്ധതിയാണ് ലെറ്റേഴ്സ് ഫോർ ബ്ലാക്ക് ലൈവ്സ്. പ്രധാനപ്പെട്ട ഒരു  വിഷയത്തെപറ്റി മാതാപിതാക്കളോട് സത്യസന്ധവും ആദരണീയവുമായ ഒരു സംഭാഷണം  നടത്താൻ വേണ്ടി നൂറു കണക്കിന് ആളുകൾ സഹകരിച്ചു എഴുതി, പരിഭാഷ ചെയ്തതാണ് ഈ  കത്ത്.

അമ്മയ്ക്കും, അച്ഛനും, അമ്മാവനും, അമ്മായിക്കും, മുത്തച്ഛനും, മുത്തശ്ശിക്കും എഴുതുന്നത്:

നമുക്ക് സംസാരിക്കണം:

കറുത്ത  വർഗ്ഗക്കാർ എന്റെ ജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ് — അവർ എന്റെ  കൂട്ടുകാരാണ്, അയൽവാസികളാണ്, കുടുംബമാണ്. ഇന്ന് അവരുടെ കാര്യമോർത്തു ഞാൻ  ഭയപ്പെടുന്നു.

അടുത്തിടെ, മിനസോട്ടയിൽ ഒരു വെളുത്ത പോലീസ് ഉദ്യോഗസ്ഥൻ കറുത്ത വർഗ്ഗക്കാരനായ ജോർജ്ജ് ഫ്ലോയിഡിനെ കഴുത്തിൽ ഒമ്പത് മിനിറ്റോളം മുട്ടുവെച്ചു ഞെരിച്ചു ശ്വാസംമുട്ടിച്ചു  കൊന്നു. ഫ്ലോയിഡ് വേദനയോടെ ആവർത്തിച്ചു നിലവിളിച്ചു: “എനിക്കു ശ്വസിക്കാൻ  കഴിയുന്നില്ല”. അദ്ദേഹത്തിന്റെ നിലവിളികൾ ആവർത്തിച്ചു അവഗണിക്കപ്പെട്ടു.  വേറെ രണ്ട് പൊലീസ് ഉദ്യോഗസ്ഥന്മാർ ഫ്ലോയിഡിനെ നിലത്തു അമർത്തിപ്പിടിക്കാൻ  സഹായിച്ചപ്പോൾ, നാലാമതൊരു ഏഷ്യൻ ഉദ്യോഗസ്ഥൻ ഇടപെടാതെ അവർക്ക് കാവൽ  നിൽക്കുകയായിരുന്നു. ഫ്ലോയിഡ് മാത്രമല്ല: ഈ വർഷം തന്നെ പോലീസുകാരാൽ  കൊല്ലപ്പെട്ട നിരവധി കറുത്ത വർഗ്ഗക്കാരുണ്ട് — ഇന്ത്യാനായിൽ ഡ്രീസ്ജൻ റീഡ്, ഫ്ലോറിഡയിൽ ടോണി മക്ക് ഡേയിഡ്, കെന്റക്കിയിൽ ബ്രിയോണ ടെയ്‌ലർ. ഒരു മുൻ കാല ഡിറ്റക്റ്റീവ് ജോർജിയയിൽ അഹ്‌മ്മദ് ആർബെറിയേയും വധിച്ചു.

അത്യധികമായ മാധ്യമശ്രദ്ധയും തെളിവുകളും ഉണ്ടായിട്ടും, ഒട്ടുമിക്കവാറും പോലീസിന് കറുത്തവർഗ്ഗക്കാരെ കൊല ചെയ്യുന്നതിന് പ്രത്യാഘാതങ്ങൾ ഒന്നും തന്നെ നേരിടേണ്ടി വരാറില്ല. ഒരിടത്തും രേഖപ്പെടുത്താതെ, ആരും കാണാതെ ഇതു പോലത്തെ എത്രയെത്ര സംഭവങ്ങൾ കടന്നു പോകുന്നുണ്ടെന്നു ചിന്തിച്ചു നോക്കൂ.

ഇതു  ഞങ്ങളുടെ കൂടപ്പിറപ്പുകളായ കറുത്ത വർഗ്ഗക്കാർ അവരുടെ ദൈനംദിന ജീവിതത്തിൽ  അനുഭവിക്കുന്ന ഭയാനകമായ യാഥാർത്ഥ്യമാണ്. നമ്മുടെ സമൂഹത്തിൽ ഒരു  തെറ്റിദ്ധാരണയുണ്ട് — നമ്മൾ ഒരു ന്യൂനപക്ഷമായി അമേരിക്കയിലേക്ക് വന്നു,  വർഗ്ഗവിവേചനം നേരിട്ടിട്ടും നല്ലൊരു ജീവിതം സ്വയം പണിതുയർത്തി. പിന്നെ  എന്തുകൊണ്ട് കറുത്ത വർഗ്ഗക്കാർക്കും ഇതു ചെയ്തു കൂടാ? പക്ഷേ, ഈ ചോദ്യത്തിനെ  നമ്മൾ ഒന്ന് വിശകലനം ചെയ്‌താൽ, നമ്മുടെ ധാരണകൾ തെറ്റാണെന്നു ബോധ്യപ്പെടും.  കൂടുതൽ പഠനത്തിലൂടെ നമ്മുക്ക് ആരംഭിക്കാം. ഞാനടക്കം, നമ്മളെല്ലാവർക്കും  ഇതിലും മെച്ചപ്പെട്ടു ചിന്തിക്കാനും കാര്യങ്ങൾ ചെയ്യുവാനും കഴിയാം  എന്നെനിക്കറിയാം — ഇതേക്കുറിച്ചു സ്നേഹത്തോടെ നിങ്ങളോട് സംസാരിക്കാൻ ഞാൻ  ആഗ്രഹിക്കുന്നതും അതുകൊണ്ടാണ്.

ഈ  രാജ്യത്തിൽ വെളുത്ത വർഗ്ഗക്കാർക്കുള്ള മുൻഗണനകൾ നമുക്കില്ലെങ്കിലും, നമ്മൾ  കറുത്ത വർഗ്ഗക്കാരല്ല — അതിനാലുള്ള മുൻഗണന നമുക്കുണ്ട്. ഞാൻ പുറത്തു  നടക്കാൻ പോയാൽ, ഭദ്രമായി വീട്ടിലേക്കു തിരിച്ചെത്തുമോ എന്നു ഭയപ്പെടേണ്ട  ആവശ്യം നിങ്ങൾക്കില്ല. ഒരു സാധാരണ പോലീസ് ചെക്കിങ്ങിൽ ഞാൻ കൊല്ലപ്പെടുമോ എന്ന് നിങ്ങൾക്ക് ഭയപ്പെടേണ്ട കാര്യമില്ല.

നമ്മളുടെ കറുത്ത വർഗ്ഗക്കാരായ സുഹൃത്തുക്കളുടേയും അവരുടെ മാതാപിതാക്കളുടേയും അവസ്ഥ ഇങ്ങനെയല്ല എന്നതാണ് യാഥാർത്ഥ്യം.

അമേരിക്കയിലുള്ള  കറുത്ത വർഗ്ഗക്കാരിൽ ഭൂരിപക്ഷവും അടിമത്ത്വത്തിലേക്കു വിൽക്കപ്പെട്ടു,  ഇവിടേക്കു അവരുടെ ഇച്ഛാവിരുദ്ധമായി കൊണ്ടുവന്ന മനുഷ്യരുടെ പിൻഗാമികളാണ്.  നൂറ്റാണ്ടുകളോളം അവരുടെ സമൂഹങ്ങളും, കുടുംബങ്ങളും, ശരീരങ്ങളൂം  വില്പനച്ചരക്കായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്. അടിമത്ത്വ”നിരോധന”ത്തിനു  ശേഷവും കറുത്ത വർഗ്ഗക്കാർക്കെതിരെ നിയമപരമായ പ്രതിബന്ധങ്ങൾ തുടർന്നു, — അവർക്കു വോട്ടവകാശവും, വിദ്യാഭ്യാസവും, സ്വന്തമായ വീടിന്റെയോ കച്ചവടത്തിന്റെയോ ഉടമസ്ഥാവകാശവും നിയമാനുസൃതം നിഷേധിക്കപ്പെട്ടു. എന്നു  മാത്രമല്ല, ഇന്ന് പോലും കറുത്ത വർഗ്ഗക്കാർക്കു ഇക്കാര്യങ്ങൾ ചെയ്യാൻ വളരെ  വിഷമമാണ്. ഈ അസമത്വങ്ങൾ പോലീസും തടവറകളും വഴിയാണ് അവർക്കെതിരെ  അടിച്ചേല്പിക്കപ്പെടുന്നത് — ഇത് അടിമത്ത്വ സമ്പ്രദായത്തിന്റെ വെളുത്ത റോന്തുചുറ്റല്‍ക്കാരുടെയുംതോട്ടങ്ങളുടേയും നേരിട്ടുള്ള അവശിഷ്ടങ്ങളാണ്. കറുത്ത  വർഗ്ഗക്കാർക്കെതിരെയുള്ള അക്രമപരമായ പീഡനം ഇപ്പോഴും കഴിഞ്ഞിട്ടില്ല —  അതിന്റെ രൂപമേ മാറിയിട്ടുള്ളൂ. നൂറ്റാണ്ടുകൾക്കു ശേഷവും നമ്മുടെ രാജ്യം  കറുത്ത വർഗ്ഗക്കാരെ ഒരു പ്രത്യാഘാതവുമില്ലാതെ  കൊലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

നമ്മുടെ  സമൂഹവും അമേരിക്കയിൽ ഹൃദയാഘാതകരമായ വർഗ്ഗവിവേചനവും അതിക്രമങ്ങളും  അനുഭവിച്ചിട്ടുണ്ടെന്നത് സത്യമാണ്. സെപ്റ്റംബർ പതിനൊന്നിന് ശേഷമുണ്ടായ  അക്രമങ്ങൾ നിങ്ങൾക്കൊരുപക്ഷേ ഓർമ്മയുണ്ടാവാം — അപ്പോൾ നമ്മുടെ സമൂഹാംഗങ്ങളെ  “തീവ്രവാദം കൊണ്ടുവരുന്നു” എന്നും പറഞ്ഞു കുറ്റപ്പെടുത്തിയിരുന്നു. ഇതിനാൽ  എയർപോർട്ട് സുരക്ഷയുടേയും ഇമിഗ്രേഷന്റെയും ഉദ്യോഗസ്ഥർ നമ്മളെ അലട്ടാനും തടങ്കലിൽ വയ്ക്കാനും തുടങ്ങി. 15 വർഷങ്ങൾ കഴിഞ്ഞിട്ടും നമ്മുക്കെതിരെ വെറുപ്പിനാലുള്ള അപരാധങ്ങളും തുടർന്നു കൊണ്ടിരിക്കുകയാണ്. അടുത്തിടെ പോലും, നമ്മുടെ ആരാധനാലയങ്ങൾ നശിപ്പിക്കപ്പെടുകയും നിരീക്ഷിക്കപ്പെടുകയും വെടിവെപ്പിന്റെ ലക്ഷ്യങ്ങളാവുകയുംചെയ്തിട്ടുണ്ട്. ഈ ആക്രമങ്ങൾ പുതിയ സംഭവങ്ങളല്ല. ഇരുപതാം നൂറ്റാണ്ടിന്റെ  ആരംഭത്തിൽ, അവരുടെ ദക്ഷിണേഷ്യൻ നാടുകളിലെ ബ്രിട്ടീഷ് നിഷ്ഠൂരവാഴ്ച പലായനം  ചെയ്യാനായി ധാരാളം കുടിയേറ്റക്കാർ അമേരിക്കയുടെ പശ്ചിമതീരത്തേക്കു വന്നു.  അവർക്കു വർഗ്ഗവിവേചന പ്രേരിതമായ ലഹളകളുംപോലീസ് അതിക്രമങ്ങളും നേരിടേണ്ടി വന്നു. അവരിൽ ചിലർ തങ്ങളുടെ മാതൃരാജ്യങ്ങളുടെ സ്വാതന്ത്ര്യസമരങ്ങളെ സഹായിക്കുക പോലും ചെയ്തു, ഈ സമയത്ത് കറുത്ത അമേരിക്കൻ ആക്ടിവിസ്റ്റുകൾ അവരുടെ സഹചാരികളായി.  ഇരുപതിലധികം വർഷങ്ങളോളം കറുത്ത വർഗ്ഗക്കാരുടെ കഠിനാദ്ധ്വാനവും നീതിക്കു  വേണ്ടിയുള്ള പോരാട്ടവും അമേരിക്കയിലുള്ള എല്ലാവർക്കും വേണ്ടി പക്ഷപാതപൂര്‍ണ്ണമായ കുടിയേറ്റ നിയമങ്ങളുംനിയമാനുസൃതമായ വർണ്ണഭേദവും അവസാനിപ്പിക്കാൻ സഹായിച്ചു. അവരുടെ തീവ്രയത്നത്തിനാൽ, അമേരിക്കയിൽ നമുക്കിന്നു 45 ലക്ഷം ദക്ഷിണേഷ്യൻ വംശജരുടെ സമൂഹം കെട്ടിപ്പടുക്കാൻ സാധിച്ചിട്ടുണ്ട്. ഇന്ന് നമ്മളെല്ലാവരും  ആസ്വദിക്കുന്ന നിരവധി സ്വാതന്ത്ര്യങ്ങൾക്കു വേണ്ടി കറുത്ത വർഗ്ഗക്കാർ  പോലീസിന്റെ മർദ്ദനവും ജയിൽശിക്ഷയും കൊലയും നേരിടുകയും അതിനെ അതിജീവിച്ച്  പ്രവർത്തിക്കുകയും ചെയ്തു.

ഫ്ലോയ്ഡിന്റെ  കൊലപാതകത്തിനു പ്രതികരണമായി ആരംഭിച്ച സമാധാനപരമായ പ്രതിഷേധങ്ങൾക്കിടയിൽ  അപൂർവമായി സംഭവിക്കുന്ന കൊള്ളയുടെയും വസ്തുനശീകരണത്തിന്റെയും ദൃശ്യങ്ങൾ  കാരണം നിങ്ങൾക്കിന്ന് ആശങ്കയും ഭയവുമുണ്ടായിരിക്കാം. പക്ഷേ തീർച്ചയായും,  പ്രതിഷേധത്തിന്റെ ശക്തി നിങ്ങൾക്കറിയാം. നമ്മുടെ തൊഴിലിനെയും ജീവിതത്തെയും  ചൂഷണം ചെയ്ത ബ്രിട്ടീഷ് ഭരണാധികാരികൾക്കെതിരെ, നമ്മുടെ സമൂഹം ഉയർന്നു  പോരാടിയത് ഇങ്ങനെയാണ്.

നിങ്ങളുടെയെല്ലാം  നിരന്തരാധ്വാനത്തിലൂടെ പണിത രാജ്യത്തിൽ, നിങ്ങളുടെ പൂർവ്വികർ നേരിട്ട അതേ  അക്രമത്തിനെതിരേ നിങ്ങൾക്കും പോരാടേണ്ടി വരുന്ന അവസ്ഥ എത്ര  അസ്സഹനീയമാണെന്നു ആലോചിക്കൂ. നിങ്ങളുടെ കുട്ടികളുടെ ജീവന് കേവലം നിർജ്ജീവ  വസ്‌തുവകകളുടെ മൂല്യം പോലും നൽകാത്ത സമൂഹത്തെ കാണേണ്ടി വരുന്ന  മാതാപിതാക്കളുടെ വികാരമെന്തായിരിക്കുമെന്നാലോചിക്കൂ. നിങ്ങളുടെ സമൂഹത്തെ അത്യധികമായി ബാധിക്കുന്നൊരു ആഗോള പകര്‍ച്ചവ്യാധിക്കു മധ്യേ പ്രതിഷേധിക്കാൻ നിങ്ങൾക്ക് എത്ര സങ്കടവും നിരാശയും ഉണ്ടായിരിക്കണമെന്നാലോചിക്കൂ.

ഇതിനാലാണ് “ബ്ലാക്ക്‌ ലൈവ്സ് മാറ്റർ” എന്ന പ്രസ്ഥാനത്തിനെ ഞാൻ പിന്തുണക്കുന്നത്.

നമ്മുടെ  സമൂഹത്തിൽ — അത് നമ്മുക്കിടെയിലാണെങ്കിൽ പോലും — കറുത്ത വർഗ്ഗക്കാരുടെ  മാനുഷികതയെ തരം താഴ്ത്തുന്ന രീതിയിലെന്തെങ്കിലും പറയുകയോ പെരുമാറുകയോ  ചെയ്‌താൽ അതിനെതിരായി നമ്മുടെ ശബ്ധമുയർത്തുന്നതും ഈ പിന്തുണയുടെ ഭാഗമാണ്. ഈ  കറുപ്പ്-വിരുദ്ധത പല തരത്തിലും വരാം — ഉദാഹരണത്തിനു നമ്മുടെ തമാശകൾ‌,  നമ്മൾ വാട്ട്‌സ്ആപ്പിലൂടെ അയക്കുന്ന സന്ദേശങ്ങൾ, അല്ലെങ്കിൽ‌ നമ്മൾ  പിന്തുണക്കുന്ന സ്ഥാപനങ്ങൾ / സംഘടനകൾ. നമ്മിൽ ചിലർ ജാതീയതയെയും വർഗ്ഗീയതയെയും പറ്റി ഹാനികരമായ ആശയങ്ങളുമായാണ് വളർന്നത് — ഈ വിശ്വാസങ്ങൾ നമ്മുടെ അടിസ്ഥാനപരമായ നിലപാടുകളെ ഇപ്പോഴും  സ്വാധീനിക്കുന്നു. ഇക്കാര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ മൗനം അമേരിക്കയിലും നമ്മുടെ മാതൃരാജ്യങ്ങളിലും കറുത്ത വർഗ്ഗക്കാരുടെ പരിതാപകരമായ മരണങ്ങളിലേക്ക് നയിക്കുന്നു.

കറുത്ത  വർഗ്ഗക്കാരെ കുറിച്ചുള്ള മുൻവിധികളെ തിരസ്ക്കരിക്കാൻ നമ്മുടെ സമൂഹത്തിനു  ഒരുപാട് കാര്യങ്ങൾ ഇനിയും ചെയ്യാനുണ്ട്. പക്ഷേ, കഴിഞ്ഞ കുറച്ചു ആഴ്ചകളിൽ  എല്ലാവർക്കും പ്രചോദനം നല്‍കുന്ന കുറച്ചു കാര്യങ്ങൾ നമ്മുടെ ദക്ഷിണേഷ്യൻ  സമൂഹത്തിൽ നിന്ന് തന്നെ നമ്മൾ കണ്ടു. മിനിയാപോളിസിൽ പ്രതിഷേധങ്ങൾക്കിടെ ഒരു  ഹോട്ടൽ കത്തിക്കരിഞ്ഞപ്പോൾ, അതിന്റെ ഉടമസ്ഥനായ റൂഹേൽ ഇസ്ലാമിന്റെ മറുപടി“എന്റെ കെട്ടിടം കത്തിക്കോട്ടെ. [കറുത്ത വർഗ്ഗക്കാർക്ക്] നീതി ലഭിക്കണം,”  എന്നായിരുന്നു. വാഷിങ്ടൺ ഡി സിയിൽ എഴുപതോളം സമാധാനപരമായ പ്രതിഷേധകർക്കെതിരെ  കണ്ണീര്‍വാതകവും അറസ്റ്റുകളും തുടങ്ങിയപ്പോൾ അവരെ സംരക്ഷിക്കാൻ രാഹുൽ ദൂബെയ് എന്ന ദക്ഷിണേഷ്യൻ വ്യക്തി തന്റെ വീട്ടിൽ അവർക്കഭയം നൽകി. ഈ  ഐക്യപ്രകടനങ്ങളിലൂടെ ഇവർ തുടർന്നത് ഒരു നൂറ്റാണ്ടായി കറുത്ത വർഗ്ഗക്കാരുടെ  കൂടെ നീതിക്ക്‌ വേണ്ടി പ്രവർത്തിച്ച ഒരുപാട് ദക്ഷിണേഷ്യൻ പോരാളികളുടെ  പാതയിലാണ്. നമ്മളും ഐക്യദാര്‍ഢ്യത്തിന്റെ ഈ പാരമ്പര്യം തുടരണം.

നിങ്ങൾക്ക്  പലപ്പോഴും ദയ തരാതിരുന്ന ഈ രാജ്യത്ത്, എനിക്കൊരു മെച്ചപ്പെട്ട ജീവിതം  കിട്ടാനായി നിങ്ങൾക്കൊരുപാട് സംഘർഷങ്ങളനുഭവിക്കേണ്ടി വന്നു —  അതിനെല്ലാമെന്റെ അഗാധമായ നന്ദിയുണ്ട്.

നമ്മളുടെ അനുഭവങ്ങളെല്ലാം കാട്ടുന്നത് നമ്മളെല്ലാം ഒന്നിച്ചാണീ പോരാട്ടത്തിലുള്ളതെന്നാണ്. നമ്മുടെ എല്ലാഅയൽവാസികളും, സ്നേഹിതരും, കൂട്ടുകാരും സുരക്ഷിതരാണെന്ന ഉറപ്പു  ലഭിക്കുന്നത് വരെ നമ്മളും സുരക്ഷിതരല്ല. നമ്മളിന്നു സൃഷ്‌ടിക്കാൻ  ശ്രമിക്കുന്നത് എല്ലാവർക്കും ഭയമില്ലാതെ ജീവിക്കാൻ കഴിയുന്ന, എല്ലാവരെയും  ഉൾപ്പെടുത്തുന്ന, എല്ലാവരുടെയുമായ ഒരു ലോകമാണ്. ഇങ്ങനെയൊരു ഭാവി  എല്ലാവർക്കുമുണ്ടാകും എന്നാണ് എന്റെ സ്വപ്നം. അത് സാധ്യമാക്കാൻ എനിക്ക്  നിങ്ങളുടെ സഹായം വേണം. ഈ പോരാട്ടത്തിൽ എന്റെ കൂടെ നിങ്ങളും പങ്കുചേരില്ലേ?

പ്രതീക്ഷയോടും സ്നേഹത്തോടും കൂടെ…
നിങ്ങളുടെ സ്വന്തം മക്കൾ

Translated By

  • Abhijith Asok

  • Amritha Jayakrishnan

  • Arya Nambiar

  • Aslamah Rahman

  • Carthi Mannikarottu

  • Jeff George

  • Jibi Bijumon

  • Jithu Menon

  • Parvathy Menon

  • Raouf Kundil Peedikayil

  • Sreeja Kalapurakkel

Original Post found here.

Previous
Previous

Justice in America ft. Lovely Varughese & Reena Ninan

Next
Next

The dress codes of the uprising